☭ ☭ ☭ സി.പി.ഐ.എം അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ വെബ്സൈറ്റിലേക്ക് സ്വാഗതം ☭ ☭ ☭

ABHIPRAYANGAL

Friday, 11 March 2016

മാധ്യമവിചാരണയിലും മനുഷ്യാവകാശലംഘനത്തിലും പ്രതിഷേധിക്കുക

മാധ്യമവിചാരണയിലും മനുഷ്യാവകാശലംഘനത്തിലും പ്രതിഷേധിക്കുക



തെളിവെടുപ്പല്ല, സി പി ഐ (എം) നെയും പി. ജയരാജനെയും അപമാനിക്കുന്ന വിധത്തിൽ മാധ്യമ വിചാരണയാണ് സിബിഐ നടത്തുന്നത്.  ആശുപത്രിയിൽ വെച്ചോ ജയിലിൽ വെച്ചോ ജയരാജനെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. കോടതി ഉത്തരവ് വരുമ്പോൾ ജയരാജൻ ആശുപത്രിയിലായിരുന്നു. ചോദ്യം ചെയ്യൽ ആശുപത്രി ഒഴിവാക്കിയത് ഏത് കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണെന്ന് ജനങ്ങൾക്കറിയണം. ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്തിരുന്നുവെങ്കിൽ ജയിൽസൂപ്രണ്ടിന്റെ സാന്നിദ്ധ്യമുണ്ടാകുമായിരുന്നില്ല. ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ സിബിഐ അരിശം കൊണ്ടെന്നും സി ബി ഐ ഉദ്യോഗസ്ഥർ ജയിൽ സുപ്രണ്ടിൽ നിന്നും കത്തെഴുതി വാങ്ങിയെന്നുമുള്ള റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുകയാണ്.  ചോദ്യം ചെയ്യുമ്പോൾ ജയിൽ സുപ്രണ്ടിന്റെ സാന്നിധ്യം മൂലം തങ്ങൾക്ക് ശരിയായി ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും തങ്ങളുടെ കേമ്പിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്നും കോടതിയോട് ആവശ്യപ്പെടാൻ സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് സുപ്രണ്ട് ചെയ്തത്.     രണ്ടുകൂട്ടരും നടത്തുന്നത് ഒത്തുകളിയാണ്.  ആർഎസ്എസ് കോൺഗ്രസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിത്.  1999ൽ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടവരാണ് ആർഎസ്എസ് ജില്ലാ കാര്യവാഹ് ശശിയും മനോജും ഉൾപ്പെടെയുള്ളവർ.  അത്തരമാളുകളെ കുറിച്ച് തനിക്ക് അറിയില്ലെന്ന് സിബിഐയോട് പറഞ്ഞതായി വാർത്തകൾ സൃഷ്ടിക്കുന്നത് പി ജയരാജനെ ജനങ്ങളുടെ മുമ്പിൽ അപമാനിക്കാനാണ്. ഒപ്പം ഹൈക്കോടതിയിലെ ജയരാജൻ വധശ്രമക്കേസിലെ അപ്പീലിൽ ആർഎസ്എസ്സുകാരെ രക്ഷപ്പെടുത്താനുള്ള നീക്കവുമാണ്.   അന്വേഷണസംഘമോ സൂപ്രണ്ടോ അല്ലാതെ മറ്റാരുമില്ലാത്ത മുറിയിൽ നടന്ന കാര്യങ്ങൾ എങ്ങനെ പുറത്തുവരുന്നു?  ചോദ്യം ചെയ്യലിലൂടെ സിബിഐ അടക്കമുള്ള അന്വേഷണസംഘങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് വിവിധ ഘട്ടങ്ങളിൽ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. മൊഴികളുടെ രഹസ്യ സ്വഭാവമാണ് സൂക്ഷിക്കാതൈ മാധ്യമങ്ങൾക്ക് ചോർത്തികൊടുക്കുന്നതും വളച്ചൊടിച്ച് വാർത്ത നൽകുന്നതും നിയമവിരുദ്ധമാണ്. 
ചോദ്യംചെയ്യുന്ന സ്ഥലത്തുണ്ടായിരുന്നവരുടെ സെൽഫോൺ കാൾലിസ്റ്റുകൾ പരിശോധിക്കണം.  ആരാണ് മാധ്യമവിചാരണക്ക് സഹായകമായ വിവരങ്ങൾ കൈമാറിയതെന്ന് കണ്ടെത്തണം.  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വസ്തുതയല്ലെങ്കിൽ അന്വേഷണസംഘം അക്കാര്യം തുറന്നുപറയണം.  ജയരാജൻ വധശ്രമക്കേസിൽ ജില്ലാകോടതി ശിക്ഷിച്ച ശശി കതിരൂർ കേസിലെ ഒന്നാം സാക്ഷിയാണ്.
ആർഎസ്എസ്സിന്റെ ഈ ജില്ലാ നേതാവിനെ രക്ഷിക്കുമെന്ന് സിബിഐ അന്വേഷണസംഘം ആർഎസ്എസ്സ് നേതൃത്വത്തിന് ഉറപ്പുകൊടുത്തിരിക്കുകയാണ്.  അന്വേഷണസംഘത്തിൽ പത്തുപേരാണ് ചോദ്യം ചെയ്യലിന് നേതൃത്വം കൊടുത്തത്.  അതിൽ ചില ഉദ്യോഗസ്ഥന്മാർ വിവാദ നായകരാണ്.  ഫസൽ കേസിൽ കള്ളത്തെളിവുണ്ടാക്കിയവരാണ്.  അതിനെതിരായി വ്യാപകമായ പ്രതിഷേധം ഉയർന്നുവന്നിരുന്നു.  അതിനെതുടർന്ന് കതിരൂർ കേസ് അന്വേഷണസംഘത്തിൽ ഉൾപ്പെടാതിരുന്ന വിവാദനായകരായ ഉദ്യോഗസ്ഥന്മാരും ജയരാജനെ ചോദ്യം ചെയ്യാനെത്തിയവരുടെ കൂട്ടത്തിലുണ്ട്്.  കതിരൂർ കേസിലെ പ്രതിയായ കൃഷ്ണനെ ചോദ്യം ചെയ്യുന്നതിനിടയിൽ മർദ്ദിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഇക്കൂട്ടരിൽ പ്രധാനി.  സിപിഐ(എം)നെ തകർക്കുമെന്ന് പ്രതിജ്ഞയെടുത്ത ഉദ്യോഗസ്ഥനാണിയാൾ.
തനിക്ക് കതിരൂർ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് 2016 ഫിബ്രവരി 11-നു കോടതിയിൽ ഹാജരാകുമ്പോൾ ജയരാജൻ സത്യവാങ്മൂലം നൽകിയിരുന്നു. സിബിഐ നേരത്തെ 6 മണിക്കൂർ കസ്റ്റഡിയിൽ വെച്ചുതന്നെ ജയരാജനെ ചോദ്യം ചെയ്തതുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് നാലുതവണ ആൻജിയോപ്ലാസ്റ്റി നടത്തിയ ഹൃദ്രോഗിയും 99ലെ വധശ്രമത്തെ തുടർന്ന് ശാരീരിക വൈകല്യവും അഭിമുഖീകരിക്കുന്ന ജയരാജനെ കോടതി സിബിഐയുടെ കസ്റ്റഡിയിൽ വിടാതിരുന്നത് ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് പരിശോധിച്ച് ജഡ്ജി വിധിയിൽ തന്നെ സൂചിപ്പിച്ച കാര്യമാണ്.  എന്നിട്ടും ആഭ്യന്തര മന്ത്രി പറയുന്നത് ചോദ്യം ചെയ്യുമ്പോൾ മാത്രമാണ് ജയരാജന് രോഗമെന്നാണ്. ഇത് മന്ത്രി പദവിക്ക് യോജിച്ചതല്ല.    
ജയരാജനെ രക്ഷിക്കാൻ യു ഡി എഫ് സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന ആർ എസ് എസ് കണ്ടുപിടിത്തം പരിഹാസ്യമാണ്. ചികിത്സിച്ച ആശുപത്രിയിൽ തുടർ ചികിത്സ നിഷേധിച്ചതും ആംബുലൻസിൽ കൊണ്ടുപോയി അപകടപ്പെടുത്തുകയും ചെയ്തത് ആർ എസ് എസിനും വേണ്ടി യു ഡി എഫ് സർക്കാരാണ്. വിവിധ ആശുപത്രികളിൽ ജയരാജനെ ചികിത്സിച്ച ഡോക്ടർമാരും മെഡിക്കൽ ബോർഡും ഒരു കാര്യത്തിൽ ഏകാഭിപ്രായത്തിലാണ്. നാല് തവണ ആൻജിയോപ്ലാസ്റ്റി നടത്തിയ ജയരാജന് ഹൃദ്‌രോഗ വിഭാഗം ഡോക്ടർമാരുടെ തുടർ പരിശോധനയും ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സയും ആവശ്യമാണെന്നാണ് എല്ലാ മെഡിക്കൽ റിപ്പോർട്ടിലുമുള്ളത്.
ഹൃദ്‌രോഗം പോലുള്ള മാരക രോഗമൊന്നും ഒരാൾക്കും കൃത്രിമമായി ഉണ്ടാക്കാൻ കഴിയുന്നതല്ല. ജയരാജൻ മുമ്പ് ദിവസംതോറും 12 ഗുളികകളാണ് കഴിച്ചിരുന്നത്. ഒരു മാസത്തെ പരിശോധനക്ക് ശേഷം ഇപ്പോൾ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് പ്രതിദിനം 21 ഗുളികകൾ കഴിക്കാനാണ് ഒരു ഹൃദ്‌രോഗിക്ക് വേണ്ടത് ആവശ്യമായ പരിചരണവും വ്യായാമവും വിശ്രമവുമാണ്. കാർഡിയോളജി ഡോക്ടർമാരില്ലാത്ത ജില്ലാ ആശുപത്രിയിൽ ജയരാജനെ ചികിത്സിക്കണമെന്ന ആർ എസ് എസ് വാദവും ജയരാജന് ഒരു രോഗവുമില്ലെന്ന് വിദഗ്ദ ഡോക്ടർമാരെപോലെ അഭിപ്രായപ്പെടുന്ന കോൺഗ്രസ് നേതാക്കളുടെ വാദവും ഇകൂട്ടർ സയാമീസ് ഇരട്ടകളാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. 
സിബിഐ മാധ്യമങ്ങൾക്കല്ല റിപ്പോർട്ട് നൽകേണ്ടത്, കോടതിയിലാണ്. വിവരങ്ങൾ  മാധ്യമങ്ങൾക്ക് ബോധപൂർവ്വം ചോർത്തികൊടുത്ത് മാധ്യമ വിചാരണക്ക് നേതൃത്വം കൊടുക്കുന്നവരും അതിന് ഗൂഢാലോചന നടത്തുന്ന രാഷ്ട്രീയ നേതൃത്വത്തെയും ജനങ്ങൾ തിരിച്ചറിയും.
പുന്നാട് എൻ ഡി എഫ് പ്രവർത്തകൻ മുഹമ്മദ് വധകേസിലെ പ്രതിയായ ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി ഒളിവിൽ പോയത് ജനങ്ങൾ മറന്നിട്ടില്ല. അതുപോലെ ഇ പി ജയരാജൻ വധശ്രമ കേസിൽ പ്രതിയായി റിമാന്റിലായ കോൺഗ്രസ് നേതാവ് കെ സുധാകരൻ രക്ഷപ്പെടാൻ സ്വകാര്യ  ചികിത്സ തേടുകയായിരുന്നു. 
പീഢനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം


കണ്ണൂർ ജില്ലയിൽ ഉൾപ്പെടുന്ന അഴീക്കോട് അസംബ്ലി മണ്ഡലത്തിൽ ഇതോടൊപ്പം അടക്കം ചെയ്ത കോപ്പിയിൽ വ്യക്തമാക്കിയത് പോലെ സഹപാഠിക്കൊരു കാരുണ്യ ഭവനം എന്ന പരിപാടി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുകൊണ്ട് 2016 മാർച്ച് 8-നു രാവിലെ 12 മണിക്ക് കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിത കോളജിൽ സംഘടിപ്പിക്കുകയാണ്. നിലവിലുള്ള അഴീക്കോട് എം എൽ എ കെ എം ഷാജിയുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത് എന്നത് അതീവ ഗൗരവമാണ്. 
2011-ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥിയായിരുന്ന കെ എം ഷാജി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റചട്ടം ലംഘിച്ചതിന്റെ നിരവധി പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു. ഇപ്പോൾ വീണ്ടും പെരുമാറ്റചട്ടം ലംഘിക്കുകയാണ്. ആസന്നമായ നിയമസഭ തെരഞ്ഞിപ്പിൽ മുസ്ലീം ലീഗ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി ലിസ്റ്റിൽ കെ എം ഷാജിയുടെ പേരും ഉണ്ട്. 
പണവും വീടും മറ്റ് പാരിതോഷിങ്ങളും വോട്ടർർമാർക്ക് പ്രഖ്യാപിച്ചുകൊണ്ടാണ് വോട്ട് ക്യാൻവാസ് ചെയ്യുന്നത്. ഈ കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിലൂടനീളം എം എൽ എയായ കെ എം ഷാജി ഒരു പര്യടന പരിപാടി സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച ആ പര്യടന പരിപാടിയിൽ നിരവധി വാഗ്ദാനങ്ങൾ നൽകി. മാത്രല്ല വോട്ടർമാർക്ക് പാരിതോഷികം പണമായും നൽകി. 
മാർച്ച് 8-നു നടത്തുന്ന ബൈത്തുറഹ്മ പ്രഖ്യാപനം എം എസ് എഫ് ദുബായ് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പേരിൽ സർക്കാരിന്റെ സ്ഥാപനമായ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിത കോളജിലാണ് സംഘടിപ്പിക്കുന്നത്. ഇത്തരമൊരു പരിപാടിക്ക് കോളജ് അനുവദിച്ച
അധികൃതരും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് കൂട്ട് നിൽക്കുകയാണ്. ഈ കോളജ് കെ എം ഷാജിയുടെ നിർദ്ദിഷ്ട  മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ്. ഇദ്ദേഹം ഗൾഫിൽ പര്യടനം നടത്തി വൻ തുക തെരഞ്ഞെടുപ്പിന് വേണ്ടി പിരിച്ചതായി അറിയുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ ഈ തുക ഉപയോഗിച്ചാണ് മാർച്ച് 8-നു ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് എന്ന് അനുമാനിക്കാം. ഈ തുക ഉപയോഗിച്ച് ഇനിയും ഇത്തരം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങൾ വ്യാപകമായി സംഘടിപ്പിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായും ഈ ചട്ട ലംഘനത്തിനെതിരെ ഇടപെടുകയും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ
എം  വി ജയരാജൻ
(സെക്രട്ടറിക്കുവേണ്ടി)

Friday, 26 February 2016

അഴിമതി മന്ത്രിമാരുടെ ഔദ്യോഗിക പരിപാടികൾ ബഹിഷ്‌കരിക്കുക

കണ്ണൂർ : അഴിമതിക്കാരായ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും വൈദ്യുതി മന്ത്രിയും പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികൾ ബഹിഷ്‌കരിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റിയും സഹകരിക്കുന്ന കക്ഷികളും ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.  ഫിബ്രവരി 29ന് മട്ടന്നൂരിൽ നടക്കുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ പരീക്ഷണപ്പറക്കൽ, ബാരാപോൾ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം, കണ്ണൂർ യൂണിവേഴ്‌സിറ്റി ലൈബ്രറി കെട്ടിടം ഉദ്ഘാടനം, മൊയ്തു പാലം ഉദ്ഘാടനം, കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ, കൃഷ്ണമേനോൻ സ്മാരക ഗവ: വനിതാ കോളേജിലെ പരിപാടി, അഴീക്കോട് കൈത്തറി ഗ്രാമം, അഴീക്കോട് തുറമുഖം ക്വാട്ടേഴ്‌സ് ശിലാസ്ഥാപനം പരിപാടികൾ എന്നീ എട്ട് പരിപാടികൾ നടക്കുന്ന സ്ഥലത്തിനു സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.  കറുത്ത ബാഡ്ജ് ധരിച്ചുകൊണ്ട് എൽഡിഎഫ് പ്രവർത്തകർ അഴിമതി മന്ത്രിമാർ രാജിവെക്കുക, നാടിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കൈത്തറി ഗ്രാമം പദ്ധതി ടൂറിസം മന്ത്രി ഒരു വർഷം മുമ്പ് ഉൽഘാടനം ചെയ്തതാണ്. വീണ്ടുമൊരു ഉൽഘാടന പരിപാടി പരിഹാസ്യമാണ്. 4.5 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിട്ട് കൈത്തറി തൊഴിലാളികൾക്ക് യാതൊരു നേട്ടവുമില്ല. അഴീക്കോട് തുറമുഖത്ത് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നിട്ട് ഒരു വർഷത്തോളമായി. അത് ഉൽഘാടനം ചെയ്യുന്ന പരിപാടിയാണ് നിശ്ചയിച്ചിരിക്കുന്നത്. യന്ത്രം തുരുമ്പിച്ചുകഴിഞ്ഞു. മണ്ണ് മാന്തിയെടുക്കുന്നുമില്ല. 

സോളാർ അഴിമതിയും ബാർ കോഴയും പാമോയിൽ അഴിമതിയും ടൈറ്റാനിയം അഴിമതിയും എല്ലാം മുഖ്യമന്ത്രി മുഖ്യപ്രതിയായ അഴിമതിക്കേസുകളാണ്.  കോടതികളിൽ നിന്ന് നിത്യേനയെന്നോണം മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായി അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്യാനും അഴിമതിക്കെതിരായ ശക്തമായ വിമർശനങ്ങളും ഉയർന്നുവരികയാണ്. താൽക്കാലിക സ്റ്റേയിൽ കടിച്ച് തൂങ്ങുന്ന അഴിമതി മന്ത്രിമാർ നാടിനപമാനമാണ്. രാഷ്ട്രീയധാർമ്മികതയും നീതിബോധവുമുണ്ടെങ്കിൽ അഴിമതി ആരോപണങ്ങൾക്ക് വിധേയരും അഴിമതിക്കേസിൽ പ്രതികളുമായ മന്ത്രിമാർ രാജിവെക്കേണ്ടതാണ്.  കേരളമാകെ അഴിമതി വ്യാപിക്കാനുള്ള കാരണം മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുന്നതാണ്.  വിവിധ അന്വേഷണ ഏജൻസികളും അഴിമതി അന്വേഷണ കമ്മീഷനുകളും ഈ സർക്കാരിന്റെ അഴിമതിയെക്കുറിച്ച് അക്കമിട്ട് വിവരിക്കുന്നുണ്ട്.  അതുകൊണ്ടാണ് എൽഡിഎഫ്. അഴിമതി മന്ത്രിമാർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത്.  ഈ അഴിമതിക്കാരിൽ നിന്നും കേരളത്തെ രക്ഷിക്കേണ്ടതുണ്ട്.  
വികസനത്തിന് ഞങ്ങൾ എതിരല്ല.  എൽഡിഎഫിന്റെ കാലത്ത് ആരംഭിച്ചതാണ് ഇപ്പോൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പല വികസന പദ്ധതികളും.  കണ്ണൂർ വിമാനത്താവളം 1996ൽ നായനാർ മന്ത്രിസഭയുടെ കാലത്താണ് അനുമതി ലഭിച്ചത്.  ദേവഗൗഡ സർക്കാരിൽ വ്യോമയാനമന്ത്രിയായി  സിഎം ഇബ്രാഹിം ഉണ്ടായിരുന്നപ്പോഴാണ് വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചത്.  പിന്നീടുവന്ന യുഡിഎഫ് സർക്കാർ ഭൂമി ഏറ്റെടുക്കാനോ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനോ തയ്യാറായില്ല. 2006ലെ എൽഡിഎഫ് സർക്കാർ വിമാനത്താവളത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്തു.  4000 മീറ്റർ റൺവേയായിരുന്നു എൽഡിഎഫിന്റെ കാലത്ത് വിഭാവനം ചെയ്തത്.  യുഡിഎഫ് 2400 ആയി വെട്ടിക്കുറച്ചു. നിർമാണ പ്രവർത്തനങ്ങൾ പൂർണമായും പൂർത്തീകരിക്കാതെ സിഗ്നൽ പോലും സ്ഥാപിക്കാതെ ഹെലികോപ്റ്ററിൽ പരീക്ഷണപ്പറക്കൽ ധൃതിപിടിച്ച് നടത്താനാണ് ഇപ്പോഴത്തെ പരിപാടി.  വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള നീക്കംമാത്രമാണിത്.  കണ്ണൂർ ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയായ ബാരാപോൾ പദ്ധതി ഇടതുപക്ഷത്തിന്റെ കാലത്ത് ആരംഭിച്ചതാണ്. വനിത കോളജിലെ സയൻസ് ബ്ലോക്കിൽ 6 മാസം മുമ്പ് ക്ലാസുകൾ ആരംഭിച്ചതുമാണ്. എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് ഇതിന് ഫണ്ട് അനുവദിച്ചത്. ഇതും ഇപ്പോൾ ഉമ്മൻചാണ്ടി ഉൽഘാടനം ചെയ്യുകയാണ്. ഇത്തരം പദ്ധതികളാണ് ഉദ്ഘാടനമാമാങ്കത്തിലൂടെ തങ്ങളുടെ നേട്ടമായിയുഡിഎഫ് അവതരിപ്പിക്കുന്നത്.  ഇത് ജനങ്ങൾ തിരിച്ചറിയും.  വികസനത്തിനെതിരെയല്ല സമരം.  അഴിമതി മന്ത്രിമാർക്കെതിരെയാണ് സമരം. 29ന് നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ സംശുദ്ധ ഭരണം ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  
കൺവീനർ

29.02.2016-നു മുഖ്യമന്ത്രിയുടെ ജില്ലയിലെ പൊതുപരിപാടികൾ 

9 മണി വിമാനത്താവളം - മട്ടന്നൂർ 
10 മണി ബാരാപോൾ - ഇരിട്ടി
4 മണി യൂണിവേഴ്‌സിറ്റി - കണ്ണൂർ
4.30 മണി വനിത കോളജ് - കണ്ണൂർ 
5 മണി മൊയ്തു പാലം - ധർമ്മടം
6 മണി കൈത്തറി ഗ്രാമം - അഴീക്കോട്
7 മണി ലൈറ്റ് ആന്റ് സൗണ്ട് ഷോ - കണ്ണൂർ കോട്ട

Thursday, 25 February 2016

ജയില്‍ ഉദ്യോഗസ്ഥനെതിരെ നടപടി വേണം: സിപിഐ എം


പി.ജയരാജനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോകാന്‍ വൈകിച്ച് അര്‍ധരാത്രി യാത്രതിരിക്കാന്‍ ഇടയാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 20നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് ജയരാജന് അടിയന്തരമായി വിദഗ്ധ ചികിത്സ നല്‍കണമെന്ന് ജയിലധികൃതര്‍ക്ക് ശുപാര്‍ശ നല്‍കിയത്. മൂന്നുദിവസത്തിനുശേഷമാണ് ശ്രീചിത്രയിലേക്ക് അയക്കുന്നത്.  
ഇക്കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം സര്‍ക്കാരും സിബിഐയും ജയിലധികൃതരും സ്വീകരിച്ചില്ല. സിബിഐ കള്ളക്കേസില്‍ പ്രതിയാക്കി. കോടതി നിര്‍ദേശിച്ചിട്ടും പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ നിഷേധിച്ചു. ചികിത്സ നല്‍കാനുള്ള ഉത്തരവാദിത്തം ജയിലധികൃതര്‍ക്കാണ്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ കഴിയുന്നതും വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കണം. ദീര്‍ഘദൂര യാത്രക്ക് സാധാരണ പാലിക്കേണ്ട സുരക്ഷയൊന്നും പി ജയരാജന് നല്‍കിയില്ല. റോഡുമാര്‍ഗം ഒഴിവാക്കി ട്രെയിന്‍ മാര്‍ഗം സ്വീകരിക്കാമായിരുന്നു. നാലുവട്ടം ആന്‍ജിയോപ്ളാസ്റ്റിക് വിധേയനായ രോഗിയെ വഹിച്ചുള്ള യാത്ര അര്‍ധരാത്രിയാക്കിയതും അനുചിതമാണ്. 
അകമ്പടിക്കുള്ള പൊലീസിനെ രാവിലെ ആവശ്യപ്പെട്ടിട്ടും രാത്രി 8.15നുശേഷം പുറപ്പെട്ടത് ദുരൂഹമാണ്. ജയില്‍ സൂപ്രണ്ടാകട്ടെ കാര്യമായ അസുഖമൊന്നും ജയരാജന് ഇല്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. 1999ല്‍ ആര്‍എസ്എസ്സുകാര്‍ വെട്ടിനുറുക്കിയ ജയരാജനെ വീണ്ടും വീണ്ടും വേട്ടയാടുകയാണ്. ഇതിന് പിന്നില്‍ ആര്‍എസ്എസ്– കോണ്‍ഗ്രസ് ഗൂഢാലോചനയാണ്. രാഷ്ട്രീയ ഗൂഢാലോചനയില്‍ ജയിലുദ്യോഗസ്ഥന്‍ ഏര്‍പ്പെടുന്നത് ആശാസ്യമല്ല.  ജയിലുദ്യോഗസ്ഥന്‍ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് ഇതെല്ലാം ചെയ്തതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Wednesday, 24 February 2016


കെ.പി സഹദേവൻ
കൺവീനർ
☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ 

Tuesday, 16 February 2016




സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലടക്കാന്‍ ആര്‍എസ്എസും സിബിഐയും ഒരേതന്ത്രം പ്രയോഗിക്കുന്നു. ഈ വിഷയത്തില്‍ പകയോടെ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ അതേഭാഷയാണ് സിബിഐ പിന്‍പറ്റിയിരിക്കുന്നത്. കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്റെ ജാമ്യത്തെ എതിര്‍ത്ത് സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വാക്കുകള്‍ ആര്‍എസ്എസിന്റെതാണ്. ജയരാജനെ അറസ്റ്റ്ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി  സിബിഐയെ കുറ്റപ്പെടുത്തി ആര്‍എസ്എസ് ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാക്ക് അയച്ച കത്തിലെ വരികളാണ് സിബിഐയും ബുധനാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജയിലുള്ളതെന്നത് യാദൃശ്ചികമല്ല. സംഘപരിവാര ഉപശാലകളില്‍ അരങ്ങേറിവരുന്ന ഗൂഢാലോചനയുടെ ആയുധമായാണ് രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുന്നതെന്ന വാദം ശരിവെക്കുന്നതാണ് സിബിഐയുടെ ഒടുവിലത്തെ നീക്കവും.

ജയരാജനാണ് കതിരൂര്‍ മനോജ്‌വധക്കേസിലെ ബുദ്ധികേന്ദ്രമെന്നാണ് സിബിഐ ഹര്‍ജിയില്‍ ആക്ഷേപിച്ചിരിക്കുന്നത്.ഏറെക്കാലമായി സംഘപരിവാരം പ്രചരിപ്പിക്കുന്ന നുണയാണിത്. ജയരാജനെ അറസ്റ്റ്ചെയ്ത് വലയിലാക്കി സിപിഐ എമ്മിന്റെ കണ്ണൂരിലെ മുന്നേറ്റത്തിന്റെ മുനയൊടിക്കാമെന്ന വ്യാമോഹത്തില്‍ ആര്‍എസ്എസ് സൃഷ്ടിച്ച കള്ളക്കഥയാണിത്. സിബിഐ ഹര്‍ജി നല്‍കിയ അതേസമയത്താണ് ജയരാജനെ അറസ്റ്റ്ചെയ്യാത്തതില്‍ കലിപൂണ്ട് ആര്‍എസ്എസ് നേതാക്കള്‍ അമിത്ഷാക്ക് അയച്ച കത്ത് പുറത്തുവന്നത്. രാഷ്ട്രീയ എതിരാളിക്കെതിരായുള്ള ആര്‍എസ്എസിന്റെ വാക്കുകള്‍ സിബിഐ നീതിപീഠത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ പകയുടെ രാഷ്ട്രീയ ഉപകരണമായി ആ ഏജന്‍സി അധപതിച്ചുവെന്ന് പകല്‍പോലെ വ്യക്തമാവുകയാണ്.
മനോജ് വധകേസില്‍  നേരത്തെ പി ജയരാജനില്‍നിന്ന് സിബിഐ മൊഴിയെടുക്കുകയും വെറുതെ വിടുകയും ചെയ്തതാണ്. ആ കേസിലാണ്  ഇപ്പോള്‍ പ്രതിയും മുഖ്യകണ്ണിയുമാക്കിയിരിക്കുന്നത്. തലശ്ശേരി സെഷന്‍സ് കോടതിയില്‍ പി ജയരാജന്‍ പ്രതിയല്ലെന്ന് പറഞ്ഞ സിബിഐ ഹൈക്കോടതിയിലെത്തിയപ്പോള്‍  മാറ്റി പറയുകയാണ്. ഗൂഢാലോചന കേസില്‍ പി ജയരാജന് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള ഒന്നും ഹാജരാക്കാന്‍ കഴിയാത്ത സിബിഐ ആണ് ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയത്. 
മനോജ് വധക്കേസില്‍ ബുദ്ധികേന്ദ്രം പി ജയരാജനാണെന്നും മറ്റ് പല കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും പി ജയരാജനാണെന്നുമാണ് സത്യവാങ് മൂലത്തില്‍ പറയുന്നത്. കേസില്‍ സിപിഐ എം നേതാക്കളുടെ പങ്ക് പുറത്ത്കൊണ്ടുവരാന്‍ സിബിഐ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് ആര്‍എസ്എസ് അമിത് ഷാക്കയച്ച കത്തിലും ഇതേ വാചകങ്ങളുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പ്രേരിതമായി പി ജയരാജനെ കേസില്‍ കുടുക്കാനുള്ള ആര്‍എസ് എസ് നീക്കമാണ് സിബിഐയുടെ ഇടപെടലിന് പിന്നിലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര ഭരണത്തെ ഉപയോഗിച്ച് സിബിഐയെ കൊണ്ട് പി ജയരാജനെ പ്രതിപട്ടികയില്‍ ചേര്‍ത്തത് ഇതിനാണ്. ഇതിനെതിരെ പി ജയരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിബിഐ സത്യവാങ്മൂലം നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഐഎമ്മിനെ ശരിപ്പെടുത്താന്‍ കേന്ദ്രഭരണാധികാരികളായ ബിജെപിയും സംസ്ഥാനത്തെ യുഡിഎഫ് ഭരണവും ഒരേമനസോടെ പ്രവര്‍ത്തിക്കുന്നുവെന്ന്കൂടി  ഇതില്‍ നിന്ന് മനസിലാക്കാം. കഴിഞ്ഞ ദിവസം അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യുഷന്‍സിനെ ഉപയോഗിച്ചായിരുന്നു ഉമ്മന്‍ചാണ്ടി ഭരണം ഹൈക്കോടതിയില്‍ രാഷ്ട്രീയ നീക്കം നടത്തിയത്. സമാനമായ കുടിലനീക്കമാണ്സിബിഐ വഴി  ബിജെപിയും ആര്‍എസ്എസും  നടത്തിയിട്ടുള്ളതും. 
(കടപ്പാട്:ദേശാഭിമാനി)
   കനൽപ്പാതയിലൂടെ......



റ്റെല്ലാ കമ്മ്യൂണിസ്റ്റുകാരെയും പോലെ സമരങ്ങളും പോരാട്ടങ്ങളും തന്നെയാണ് ജീവിതത്തിലെപ്പൊഴും ജയരാജനും കൂട്ട്. അടിയന്തിരാവസ്ഥയുടെ നാളുകളിൽ എസ്എഫ്‌ഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചഘട്ടം മുതലിങ്ങോട്ട് പി ജയരാജന്റെ വഴിത്താരയിൽ പട്ടു മെത്തകളായിരുന്നില്ല. കണ്ണൂർ ജില്ലയിൽ ആർഎസ്എസ് ഭീകരത ഉറഞ്ഞുതുള്ളിയ വേളയിൽ അതിനെ ചെറുക്കാൻ മുഖ്യ പങ്കുവഹിച്ചവരിലൊരാളാണ് പി ജയരാജൻ. ഡിവൈഎഫ്‌ഐയുടെ രൂപീകരണവർഷമായ 1980ൽ ആർഎസ്എസ്സുകാർ ചെറുവാഞ്ചേരി ചന്ദ്രനെ അരുംകൊലചെയ്തപ്പോൾ ജയരാജൻ കൂത്തുപറമ്പിലെ പാർട്ടി സെക്രട്ടറിയായിരുന്നു. പാറാലി പവിത്രൻ കൊലപ്പെട്ടതും അതേ കാലഘട്ടത്തിൽ തന്നെ. അവിടങ്ങളിലെല്ലാം സഖാക്കൾക്ക് സാന്ത്വന ശബ്ദമായി ജയരാജനെത്തി. 1994ൽ എസ്എഫ്‌ഐ യുടെ കേന്ദ്രകമ്മിറ്റിയംഗമായ കെവി സുധീഷിനെ മുപ്പത്താറു കഷണങ്ങളാക്കി ആർഎസ്എസുകാർ വെട്ടി നുറുക്കിയെറിഞ്ഞപ്പോൾ സഖാക്കൾക്ക് ആത്മവീര്യം നൽകാനും ജയരാജനുണ്ടായിരുന്നു.
കൂത്തുപറമ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ഥലങ്ങളിൽ അന്ന് പി ജയരാജനും എംഒ പത്മനാഭനുമുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് സഖാക്കൾ ചെമ്പതാകയുയർത്തിയത്. കൂത്തുപറമ്പിലേയും കണ്ണൂരിലെയും ആർഎസ്എസ് കോട്ടകളിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കുത്തൊഴുക്കുണ്ടായപ്പോൾ അവരെ സ്വീകരിക്കാനും ജയരാജനുണ്ടായി. അതുതന്നെയാണ് ആർഎസ്എസ് ജയരാജനുൾപ്പെടെയുള്ളവരെ വേട്ടയാടുന്നതിന്റെ കാരണവും. ജയരാജനും വിശിഷ്യ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വവും ഭരണകൂടശക്തികളാൽ വേട്ടയാടപ്പെടാൻ തുടങ്ങിയത് പെട്ടെന്നൊരു ദിവസം ആരംഭിക്കപ്പെട്ടതല്ല. പെഷവാർ, മീററ്റ്, കാൺപൂർ ഗൂഡാലോചനാകേസുകൾ ബ്രീട്ടിഷുകാർ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടൻ കെട്ടിച്ചമച്ചു. ജയിലറകളിൽ കൊടിയ പീഡനങ്ങളാണ് അനുഭവിക്കേണ്ടിവന്നത്. 1947നു ശേഷവും സമാന അനുഭവങ്ങൾ തുടർകഥയായി.
" ജയരാജന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ച ഫിബ്രവരി 11 എന്ന ദിനം പോലും ചരിത്രത്തിൽ അറിയപ്പെടുന്നത് കമ്മ്യൂണിസ്റ്റ് വേട്ടയുടെ പശ്ച്ചാത്തലത്തിലാണ്. 1950 ഫിബ്രവരി 11ന് സേലം ജയിലിൽ പോലീസ് വെടിവച്ച് കൊന്നത് 22 സഖാക്കളെയായിരുന്നു. അതിൽ 18പേരും കണ്ണൂർ ജില്ലക്കാരായിരുന്നു "
ഭീകര പ്രവർത്തനം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ടാഡ (TADA) ഉപയോഗിച്ച് കേരളത്തിൽ ആദ്യമായി കേസു റജിസ്റ്റർ ചെയ്തത് ജയരാജനുൾപ്പെടെയുള്ള സഖാക്കൾക്കെതിരായിരുന്നു. ആദരണീയനായ എം ഒ പത്മനാഭനെന്ന എംഒപിയെയുൾപ്പെടെ അന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പി.ബാലനും കൂവ ശശിയും എൻ ഉത്തമനും ടാഡ പ്രകാരം ജയിലിലടക്കപ്പെട്ടവരായിരുന്നു. വൽസൻ പനോളി, കെ.ശ്രീധരൻ, സുരേഷ് ബാബു തുടങ്ങി 30 പേരെയാണ് ജയരാജനൊപ്പം ടാഡ കേസിൽ പ്രതികളാക്കിയത്. എന്നിട്ടെന്താണ് സംഭവിച്ചത്. ടാഡ ചുമത്തി ജയിലിലടക്കപ്പട്ടവരിൽ ജീവിച്ചിരിക്കുന്നവരൊക്കെയും വിളിക്കുന്നു.. ഇൻക്വിലാമ്പ് സിന്ദാബാദ്... അവരൊക്കെയും ഉയർത്തുന്നത് ചുവന്ന കൊടി.


പി. ജയരാജനെ ആർഎസ്എസ്സുകാർ വെട്ടിയരിഞ്ഞിട്ടത് ഇവിടെയാണ്‌


ജയരാജന്റെ നാട്ടിൽ പാട്ട്യം ഗോപാലെന്ന ഒരു കമ്മ്യൂണിസ്റ്റുകാരൻ നേരത്തെ ജീവിച്ചിരുന്നു. ജയിലിൽ കിടന്ന് 1965ൽ കേരള നിയമ്മ സഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. യുഎപിഎ ചുമത്തി ജയരാജനേയും സഖാക്കളേയും ജയിലിലടക്കുന്നവർ അറിയുക. പാട്ട്യത്തിന്റെ മണ്ണിൽ നിന്നാണ് ജയരാജനും കമ്മ്യൂണിസ്റ്റ് ജീവിതം ആരംഭിച്ചത്.  1999ലെ തിരുവോണ നാളിൽ ആർഎസ്എസ് സംഘം ജയരാജന്റെ വീട്ടിൽ കയറി അദ്ദേഹത്തെ വെട്ടി നുറുക്കിയിട്ടു.  മരണം ഉറപ്പിച്ചാണ് കൊലയാളി സംഘം കടന്നുപോയത്.കൈകാലുകൾ അറ്റുപോയി. തുന്നിചർക്കപ്പെട്ട ശരീരവയങ്ങൾ. നൂറുകണക്കിന് സഖാക്കൾ നൽകിയ രക്തം സ്വീകരിച്ച് വൈദ്യശാസ്ത്രത്തിന് അൽഭുതമായി ജയരാജൻ ഇന്നും യാത്രചെയ്യുന്നു. കമ്മ്യൂണിസ്റ്റുകാരനായി... തുന്നിചേർക്കപ്പെട്ട കൈകളിൽ രക്ത പതാകയും പേറി.

വി.ശിവദാസൻ
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം

Monday, 15 February 2016

ലശേരിയില്‍ 2014 ആഗസ്ത് 25ന് നടന്ന സമ്മേളനത്തില്‍ അഞ്ഞൂറ് സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണ് മനോജിനെ കൊലപ്പെടുത്താനുള്ള പ്രകോപനമെന്നാണ് ആദ്യ കുറ്റപത്രത്തില്‍ സിബിഐ പറഞ്ഞത്. ആ ദിവസം തലശേരിയില്‍ അങ്ങനെയൊരു സമ്മേളനമേ നടന്നിരുന്നില്ല. സിബിഐയുടെ കെട്ടുകഥയോര്‍ത്ത് ജനങ്ങള്‍ ഊറിച്ചിരിച്ചു. അതുകൊണ്ടാകണം പി ജയരാജനെ പ്രതിചേര്‍ത്ത് ജനുവരി 21ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തലശേരി സമ്മേളനം സിബിഐ വിഴുങ്ങിയത്. ആഗസ്ത് 24ന് കണ്ണൂരിലാണ് സമ്മേളനമെന്ന് തിരുത്തി. കണ്ണൂരിലെ ചെറിയൊരു സമ്മേളനത്തെ മുന്‍നിര്‍ത്തി മുഖം രക്ഷിക്കുകയായിരുന്നു സിബിഐ. ഇപ്പോള്‍ പി ജയരാജന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഉത്തരവില്‍ ഹൈക്കോടതിയും സിബിഐ വാദം എടുത്തുകാട്ടുന്നു– 2014ല്‍ സിപിഐ എമ്മില്‍നിന്ന് നിരവധി പേര്‍ ബിജെപിയിലേക്ക് മാറിയതിനാല്‍ ജയരാജന് മനോജിനോട് വൈരാഗ്യമുണ്ടാകാമെന്ന്. 
സിബിഐപോലുള്ള ഏജന്‍സിക്ക് നീതിപീഠത്തെ എങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കോടതിയുടെ ഈ നിരീക്ഷണം. യഥാര്‍ഥത്തില്‍ സിപിഐ എമ്മില്‍നിന്ന് ബിജെപിയിലേക്കല്ല, ബിജെപി– ആര്‍എസ്എസ്സില്‍നിന്ന് സിപിഐ എമ്മിലേക്കാണ് പ്രവര്‍ത്തകര്‍ ഒഴുകിയത്. ബിജെപി ദേശീയ കൌണ്‍സില്‍ അംഗമായിരുന്ന ഒ കെ വാസുവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എ അശോകനും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് നേതാക്കളും പ്രവര്‍ത്തകരും കാവിരാഷ്ട്രീയം വെടിഞ്ഞ് ചെങ്കൊടി പ്രസ്ഥാനത്തെ നെഞ്ചേറ്റുകയായിരുന്നു. ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരകനായിരുന്ന സുധീഷ് മിന്നിയും ഇന്ന് സിപിഐ എമ്മിനൊപ്പമാണ്. 
ആര്‍എസ്എസ്സും കേന്ദ്രസര്‍ക്കാരും സിബിഐയും ഉള്‍പ്പെട്ട നീചമായ ഗൂഢാലോചനയുടെ ഇരയാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ജയരാജനെ തുറുങ്കിലടയ്ക്കുന്നതിനുവേണ്ടിയാണ് കതിരൂര്‍ കേസില്‍ യുഎപിഎ വകുപ്പുകള്‍ ചേര്‍ത്തത്. തങ്ങള്‍ക്ക് തലവേദനയായ ജയരാജനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ആര്‍എസ്എസ്സും ബിജെപിയും അന്നേ തീരുമാനിച്ചുറപ്പിച്ചിരുന്നു. മനോജ് കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് ആര്‍എസ്എസ് ജില്ലാ കാര്യകാരി നടത്തിയ വാര്‍ത്താസമ്മേളനം മുതല്‍ ഏറ്റവുമൊടുവില്‍ ജയരാജനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം അമിത്ഷായ്ക്ക് അയച്ച കത്തുവരെയുള്ള കാര്യങ്ങള്‍ ആര്‍എസ്എസ് ഗൂഢാലോചനയുടെ സാക്ഷ്യപത്രങ്ങളാണ്.
2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍പ്രമുഖും കൊലപാതകമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഇളന്തോടത്ത് മനോജ് കൊല്ലപ്പെട്ടത്. പി ജയരാജനെ എങ്ങനെയും ജയിലിലാക്കാന്‍ തക്കം പാര്‍ത്തിരുന്ന ആര്‍എസ്എസ് ഇതിനെ അവസരമാക്കി മാറ്റി. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തി എഫ്ഐആറില്‍തന്നെ യുഎപിഎ വകുപ്പുകള്‍ ചേര്‍ത്തു.
2014 സെപ്തംബര്‍ 26ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കതിരൂരില്‍ പറന്നെത്തി. കേസ് സിബിഐ ഏറ്റെടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആര്‍എസ്എസ്സില്‍നിന്നും കേന്ദ്രസര്‍ക്കാരില്‍നിന്നുമുള്ള നിരന്തര സമ്മര്‍ദത്തിനുവഴങ്ങി കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നു. നവംബര്‍ അഞ്ചിനുതന്നെ സിബിഐ അന്വേഷണം ഏറ്റെടുത്തു. ആര്‍എസ്എസ്സിന്റെ വിനീതദാസരായി സിബിഐ അധഃപതിക്കുന്നതാണ് പിന്നീട് കണ്ടത്. ജനലക്ഷങ്ങള്‍ക്ക് പ്രിയങ്കരനായ പൊതുപ്രവര്‍ത്തകനെ കൊടും കുറ്റവാളിയായി അവതരിപ്പിച്ച് കള്ളക്കേസില്‍ കുടുക്കുന്നത് കടുത്ത നീതിനിഷേധമാണ്; മനുഷ്യാവകാശ ലംഘനവും.

കെ ടി ശശി

Sunday, 17 January 2016

ആളുകള്‍ ആര്‍ത്തിരമ്പി നവകേരള മാര്‍ച്ചില്‍ ജില്ല ചുവന്നു


കാഞ്ഞങ്ങാട്: ആര്‍ത്തിരമ്പിയ ജനപ്രവാഹവും ചുവപ്പിന്റെ നിറച്ചാര്‍ത്തും പാരമ്യതയിലെത്തിച്ച് സി.പി.എമ്മിന്റെ നവകേരള മാര്‍ച്ച്.അളന്നും മുറിച്ചും ജാഥാക്യാപ്റ്റന്‍ പിണറായി വിജയന്റെ പ്രസംഗം. ജാഥാംഗങ്ങളുടെ അകമ്പടി പ്രസംഗം. ചട്ടഞ്ചാലിലും കാഞ്ഞങ്ങാട്ടും കാലിക്കടവിലും സ്വീകരണം. ജില്ലയിലെ പൊതുയോഗങ്ങളില്‍ പിണറായി വിജയന്‍ പങ്കെടുക്കുമ്പോള്‍ പതിവായി കാണുന്ന ജനപ്രവാഹത്തിന്റെ എത്രയോ ഇരട്ടി ആളുകളാണ് ചട്ടഞ്ചാലിലും കാഞ്ഞങ്ങാട്ടും കാലിക്കടവിലുമെത്തിയത്.......
Read more...
നാടിന്റെ വികസനത്തിന് ഒന്നിക്കണം: പിണറായി

കാഞ്ഞങ്ങാട് > നാടിന്റെ വികസനത്തിനായി ഒന്നിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫ് ഭരണത്തില്‍ കേരളം വലിയ പിന്നോട്ടടിയാണ് നേരിടുന്നത്. ഒട്ടേറെ നേട്ടമുണ്ടാക്കിയ നമ്മള്‍ ഇന്ന് ഒന്നിനും മാതൃകയല്ലാതായി. നാടിനോട് പ്രതിബദ്ധതയില്ലാത്തവര്‍ അധികാരത്തില്‍ വന്നതിന്റെ കെടുതിയാണ് അനുഭവിക്കുന്നത്. നവകേരള മാര്‍ച്ചിന് ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു പിണറായി. 

കമ്പ്യൂട്ടറിനെ എതിര്‍ത്തത് അന്നത്തെ സാഹചര്യത്തില്‍ - പിണറായി



കാസര്‍കോട്: കമ്പ്യൂട്ടര്‍ വന്ന കാലത്ത് അതിനെ എതിര്‍ത്ത് സമരം ചെയ്തത് തൊഴിലിനെ ബാധിക്കുമെന്ന ആശങ്ക കൊണ്ടായിരുന്നുവെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. സാങ്കേതികവിദ്യയോടുള്ള എതിര്‍പ്പല്ല, അന്നത്തെ സാമൂഹ്യചുറ്റുപാടാണ് സമരത്തിനിടയാക്കിയത്.
അങ്ങനെ എതിര്‍ത്തവരെല്ലാം പിന്നീട് വിവര സാങ്കേതികരംഗത്തിന്റെ പുരോഗതിക്കായി നല്ലനിലയില്‍ സഹകരിച്ചു. രാജ്യത്താദ്യമായി കേരളത്തില്‍ നായനാര്‍ ഭരണകാലത്താണ് ഐ.ടി.വികസനത്തിന് ടെക്‌നോപാര്‍ക്ക് സ്ഥാപിച്ചത്. ഐ.ടി.യില്‍ ആദ്യം മുമ്പിലായിരുന്ന കേരളം പിന്നീട് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ പിറകിലായി- പിണറായി പത്രസമ്മേളനത്തില്‍ പറഞ്ഞു.
 Read more...

നവകേരള മാർച്ച്‌ - പുതിയ കേരളം തീർക്കാൻ - എഡിറ്റോറിയൽ - പിണറായി വിജയൻ





രാജ്യത്തിന്റെ മതനിരപെക്ഷതയും ഫെഡറലിസവും അപകടപ്പെടുന്നു. ആഗോളീകരണനയങ്ങള്‍ ജനങ്ങളുടെ ദുരിതം നാൾക്കുനാൾ വർധിപ്പിക്കുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒന്നരവർഷംമുമ്പ് ...
Read more.... 

കേരളം കാലാനുസൃതമായി വികസിക്കണം: പിണറായി

ഉപ്പള:കേരളത്തെ കാലാനുസൃതമായി വികസിപ്പിക്കേണ്ടതുണ്ടെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ഉപ്പളയില്‍ നവകേരള മാര്‍ച്ചിന്റെ ഉദ്ഘാടനത്തിലും കാസര്‍കോട് നല്‍കിയ സ്വീകരണത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനകാര്യത്തില്‍ പിറകില്‍ നില്‍ക്കുന്ന ജില്ലയില്‍നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. എല്ലാ ജില്ലയും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ലോകം അസൂയയോടെ കണ്ടിരുന്ന കേരളത്തിന്റെ പല നേട്ടങ്ങളും തകര്‍ത്തു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് വലിയ പിറകോട്ടടിയുണ്ടായി. 

അനേക ലക്ഷം അഭ്യസ്തവിദ്യരുള്ള നാടാണ് കേരളം. ജോലി കിട്ടാത്തതിനാലാണ് ഇവര്‍ മറുനാട്ടില്‍ പോകുന്നത്. ഇവര്‍ക്ക് നാട്ടില്‍ ജോലിചെയ്യാനുള്ള അവസരമുണ്ടാക്കണം. കേരളത്തില്‍ ശരിയായ രീതിയിലുള്ള വികസന പന്ഥാവ് വെട്ടിത്തെളിച്ച് നാടിനെ പുനര്‍നിര്‍മിക്കാനാകണം. ഇതിന് കക്ഷിവ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കണം.
യുഡിഎഫ് ഭരണത്തില്‍ എടുത്തുകാണിക്കാനുള്ള വികസന നേട്ടം എന്തുണ്ട്. കേരളം ഏറ്റവും വലിയ വൈദ്യുതിക്ഷാമം നേരിടുമ്പോള്‍ പദ്ധതികള്‍ പാതിവഴിയിലാണ്. ചീമേനി വൈദ്യുതി പദ്ധതിക്ക് എല്‍എന്‍ജി പൈപ്പ്ലൈന്‍ ഇതുവരെയായിട്ടില്ല. ജനങ്ങളോടും നാടിനോടും പ്രതിബദ്ധതയുണ്ടെങ്കിലേ നാട്ടില്‍ വികസനമുണ്ടാകൂ. യുഡിഎഫ് ഭരണത്തില്‍ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നുമില്ല. ഇതിനൊക്കെ മാറ്റമുണ്ടാകണം. അല്ലെങ്കില്‍ കേരളത്തിന്റെ തകര്‍ച്ച സംഭവിക്കും. ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന ഭരണം വേണം. സുതാര്യതയും വേണം. ജനന സര്‍ട്ടിഫിക്കറ്റിനുപോലും കൈക്കൂലി കൊടുക്കേണ്ടതുണ്ട്. കാലതാമസമില്ലാതെ ജനങ്ങള്‍ക്ക് ആവശ്യങ്ങള്‍ നടക്കണം.
ഇതൊക്കെ സാധിക്കാന്‍ ജനങ്ങളുടെ ഐക്യം വേണം. മതനിരപേക്ഷതയാണ് ഇതിന്‍െ ശക്തി. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പഠിപ്പിച്ച നാടാണിത്. ഇത് തകര്‍ക്കാനാണ് ജാതിമത ശക്തികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സിപിഐ എം മുന്നിലുണ്ട്. മറ്റു മതനിരപേക്ഷ ചിന്താഗതിക്കാരും മുന്നോട്ടുവരണം. മതേതര കൂട്ടായ്മ കേരളത്തില്‍ ശക്തിപ്പെടുകയാണെന്നും പിണറായി പറഞ്ഞു.

Saturday, 16 January 2016

Pinarayi promises succour to endosulfan victims

15

ജനുവരി

Communist Party of India (Marxist) leader Pinarayi Vijayan has promised that the Left Democratic Front, if voted to power in the State, would accord priority to speed up the ongoing relief and rehabilitation projects of endosulfan victims in the district.

Friday, 15 January 2016

യുഡിഎഫ് സര്‍ക്കാര്‍ കേരളവികസനത്തെ പിന്നോട്ടടിച്ചു: പ്രകാശ് കാരാട്ട്


കാസര്‍കോട് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണം കേരള വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന 'നവകേരള മാര്‍ച്ചിന്റെ ഉദ്ഘാടനം കാസര്‍കോട്ട്  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കാരാട്ട്.
'നവകേരള മാര്‍ച്ച്' കേരളത്തില്‍ കാലിക പ്രസക്തമായ കാര്യങ്ങളാണ് ഉന്നയിക്കുന്നതെന്ന്  കാരാട്ട് പറഞ്ഞു.  'മതനിരപേക്ഷ, അഴിമതി വിമുക്ത, വികസിത കേരളം' മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജാഥ സംഘടിപ്പിക്കുന്നത്. ഈ മുദ്രാവാക്യങ്ങളെല്ലാം ഇന്ന് പ്രസ്കതമാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തും നിലവിലുള്ള സാഹചര്യത്തില്‍ വളരെ പ്രസക്തമാണ് ഈ മാര്‍ച്ചും അത് ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളെന്നും  കാരാട്ട് പറഞ്ഞു. 
കേരളത്തിന്റെ അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണം കേരള വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്. റബര്‍വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഏലം, കാപ്പി, തുടങ്ങിയ വിളകളുടെ വിലയിടവില്‍ കര്‍ഷകന്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.
വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് ലാഭത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഇന്ന് വന്‍ തകര്‍ച്ചയുടെ വക്കിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ ജനജീവിതം ദുസഹമായിരിക്കുകയാണെന്നും കാരാട്ട് പറഞ്ഞു. 
കേരളം കണ്ട ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍. ബാര്‍കോഴ,സോളാര്‍ തുടങ്ങി അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് മന്ത്രിമാരും സര്‍ക്കാരും. എവിടെ അഴിമതിയുണ്ടോ അവിടെ വികസനം തടസ്സപെടും. നവകേരള മാര്‍ച്ചിലൂടെ അഴിമതിരഹിത കേരളമാണ് സിപിഐ എം പ്രധാനമായും മുന്നോട്ട് വയ്ക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ വിജയത്തെ കുറിച്ച് ജനങ്ങളോട് പറയാനാണ് കെപിസിസി പ്രസിഡന്റ് ജനരക്ഷാ മാര്‍ച്ച് എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അത്് ജനരക്ഷാ മാര്‍ച്ചല്ല അഴിമതി രക്ഷാമാര്‍ച്ചാണ്. അഴിമതി നടത്തിയ മന്ത്രിമാരെ രക്ഷിക്കാനാണ് ഈ മാര്‍ച്ച്. ബാര്‍ കോഴ കേസില്‍ പ്രതിയായ മുന്‍ ധനമന്ത്രി കെ എം മാണിയെ വിജിലന്‍സിനെ ഉപയോഗിച്ച് ഇത്തരത്തില്‍ രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഭാവിയില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ വരുന്ന ഒരു സര്‍ക്കാരിന് മാത്രമേ അഴിമതി രഹിത ഭരണം കേരളത്തില്‍ കാഴ്ച്ചവെക്കാന്‍ സാധിക്കൂവെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
ഡല്‍ഹിയിലെ കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേരളത്തില്‍ വേരുറപ്പിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. കേരളത്തിലെ മതസൌഹാര്‍ദ്ദ അന്തരീക്ഷത്തെ ചില ജാതി സംഘടനകളുമായി കൂട്ടുകൂടി തകര്‍ക്കാനാണ് ഇവരുടെ ശ്രമം. ആര്‍എസ്എസിന്റെ അജണ്ടയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഗോവധം എന്ന പ്രചരണായുധം. ഭീകരവാദത്തെ ചെറുക്കാനാകുന്ന ഏക സംവിധാനം തങ്ങളാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ വാദം. എന്നാല്‍ ഇതിന് ലഭിച്ച കനത്ത തിരിച്ചടിയാണ് പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ നടന്ന ഭീകരാക്രമണമെന്നും കാരാട്ട് പറഞ്ഞു. മോഡിഭരണത്തിന് തീവ്രവാദി ആക്രമണങ്ങളെ ചെറുക്കാനുള്ള ശേഷയില്ല എന്നാണ് ഇതിലൂടെ തെളിഞ്ഞതെന്നും കാരാട്ട് പറഞ്ഞു.
ഉപ്പളയില്‍ പ്രൌഢോജ്വല തുടക്കം


കാസര്‍കോട് : അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ പുതിയ കേരള സൃഷ്ടിക്കായുള്ള ആഹ്വാനവുമായി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന് പ്രൌഢോജ്വല തുടക്കം. മാര്‍ച്ച് കാസര്‍കോട് ഉപ്പളയില്‍ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരന്‍ അധ്യക്ഷനായി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണം കേരള വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. 
'നവകേരള മാര്‍ച്ച്' കേരളത്തില്‍ കാലിക പ്രസക്തമായ കാര്യങ്ങളാണ് ഉന്നയിക്കുന്നതെന്ന്  കാരാട്ട് പറഞ്ഞു.  'മതനിരപേക്ഷ, അഴിമതി വിമുക്ത, വികസിത കേരളം' മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജാഥ സംഘടിപ്പിക്കുന്നത്. കേരളത്തില്‍ മാത്രമല്ല രാജ്യത്തും നിലവിലുള്ള സാഹചര്യത്തില്‍ വളരെ പ്രസക്തമാണ് ഈ മാര്‍ച്ചും അത് ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളെന്നും  കാരാട്ട് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായപ്പോള്‍ യുഡിഎഫ് ഇറക്കിയ പൂഴിക്കടകനാണ് ലാവ്ലിന്‍കേസെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്കറിയാം. എല്ലാം ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നുവെന്നും കോടിയേരി പറഞ്ഞു.
സമാധാന പരമായി സമരമാര്‍ഗങ്ങളിലൂടെ ഗാന്ധിജിക്ക് ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാന്‍ കഴിഞ്ഞ നാട്ടില്‍ രാജ്യത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് അധികനാള്‍ ഭരണത്തില്‍ തുടരാനാകില്ലെന്ന് വി എസ് അച്യൂതാനന്ദന്‍ പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം ഇന്ത്യയുടെ തെക്കേയറ്റത്ത് തുടങ്ങി രാജ്യമാകെ വ്യാപിക്കും. അത് ഇടതുപക്ഷ മതനിരപേക്ഷ ശക്തികള്‍ക്ക് രാജ്യം ഭരിക്കാന്‍ വഴിയൊരുക്കുമെന്നും വി എസ് പറഞ്ഞു. കള്ളപ്രചരണങ്ങള്‍ നടത്തി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള  ശ്രമമാണ് നടക്കുന്നത്. എന്നാല്‍ അതിനെതിരെ ശക്തമായ ജനകീയ വേലിയേറ്റമാണ് ഉണ്ടാകുന്നതെന്നും വി എസ് ചൂണ്ടിക്കാട്ടി.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നത് ആപ്തവാക്യമായി സ്വീകരിച്ച കേരളത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം മുന്‍നിരയിലുണ്ടാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി മതേതരശക്തികള്‍ ഒറ്റക്കെട്ടായി രംഗത്തുവരണം.
ആരോഗ്യ– വിദ്യാഭ്യാസ മേഖലയിലെ പോരായ്മകള്‍ പരിഹരിക്കണം. ജോലി ലഭിക്കാതെ അനേകലക്ഷം അഭ്യസ്തവിദ്യരാണ് സംസ്ഥാനത്തുള്ളത്. സമസ്തമേഖലയിലും തുടരുന്ന ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയില്ല. ഈ നിലയില്‍നിന്ന് നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ നമുക്ക് കഴിയണം.
വികസന പദ്ധതികളെ എതിര്‍ക്കുന്ന നിലപാടല്ല സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമുള്ളത്. ഒരു വികസന പദ്ധതിയും ഇടതുപക്ഷത്തിന്റെ എതിര്‍പ്പു കാരണം മുടങ്ങിയിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
'മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന മാര്‍ച്ച് ഫെബ്രുവരി 14 വരെ സംസ്ഥാനമാകെ പ്രയാണം നടത്തും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദന്‍, കെ ജെ തോമസ്, എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, സംസ്ഥാനകമ്മിറ്റി അംഗം പികെ സൈനബ, ഡോ. കെ ടി ജലീല്‍ എംഎല്‍എ എന്നിവരാണ് മാര്‍ച്ചിലെ സ്ഥിരാംഗങ്ങള്‍.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കാസര്‍കോട് നഗരത്തില്‍ മാര്‍ച്ചിന് സ്വീകരണം നല്‍കും. ശനിയാഴ്ച രാവിലെ കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് പത്തിന് ചട്ടഞ്ചാലിലും പകല്‍ മൂന്നിന് കാഞ്ഞങ്ങാട്ടും വൈകിട്ട് നാലിന് കാലിക്കടവിലും സ്വീകരണം നല്‍കും. അഞ്ചിന് പയ്യന്നൂരില്‍ സമാപിക്കും. ഓരോ സ്വീകരണത്തിലും പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും. മാര്‍ച്ച് കടന്നുപോകുന്ന വഴികള്‍ ദിവസങ്ങള്‍ക്കുമുമ്പേ ചെമ്പട്ടണിഞ്ഞു കഴിഞ്ഞു. ജാഥയെ സ്വീകരിക്കാനുള്ള ആവേശത്തിലാണ് നാടാകെ.

പിണറായി വിജയന്‍ എന്‍ഡോസള്‍ഫാന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു


Thursday, 14 January 2016

കണ്ണൂർ : ജനുവരി 15-നു പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി ഐ ആർ പി സി നടത്തുന്ന സാന്ത്വന പരിചരണ പ്രവർത്തനത്തിൽ മുഴുവൻ പാർടി പ്രവർത്തകരും റെഡ് വളണ്ടിയർമാരും പങ്കാളികളാവണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ അഭ്യർത്ഥിച്ചു.
അന്നേ ദിവസം പാർടി നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ കിടപ്പിലായ മുഴുവൻ രോഗികളെയും സന്ദർശിച്ച് ഹോം കെയർ സേവനത്തിൽ പങ്കാളികളാവും. ജില്ലാ സെക്രട്ടറി പി ജയരാജൻ കൂത്തുപറമ്പ മുൻസിപ്പാലിറ്റിയിലും കെ പി സഹദേവൻ കണ്ണൂർ ടൗൺ ഈസ്റ്റിലും എം വി ജയരാജൻ പുഴാതിയിലും ജയിംസ് മാത്യു എം എൽ എ മൊറാഴയിലും ടി കൃഷ്ണൻ - തില്ലങ്കേരി, കെ കെ രാഗേഷ് - കാഞ്ഞിരോട്, ടി വി രാജേഷ് - ചെറുതാഴം, കെ എം ജോസഫ് - നടുവിൽ, സി കൃഷ്ണൻ - വെള്ളൂർ, കെ കെ നാരായണൻ - പെരളശ്ശേരി, ഒ വി നാരായണൻ - ഏഴോം, എം പ്രകാശൻ മാസ്റ്റർ - അഴീക്കോട്, എം സുരേന്ദ്രൻ - പാട്യം, വി നാരായണൻ - വെള്ളൂർ, വത്സൻ പനോളി - കൂത്തുപറമ്പ, എൻ ചന്ദ്രൻ - മാവിലായി എന്നിവിടങ്ങളിൽ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ജില്ലാ കമ്മിറ്റി അംഗങ്ങൾ അവരവർ താമസിക്കുന്ന പ്രദേശത്ത് ഹോം കെയർ പ്രവർത്തനത്തിൽ പങ്കാളികളാവും.