കേരളം കാലാനുസൃതമായി വികസിക്കണം: പിണറായി
ഉപ്പള:കേരളത്തെ കാലാനുസൃതമായി വികസിപ്പിക്കേണ്ടതുണ്ടെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ഉപ്പളയില്‍ നവകേരള മാര്‍ച്ചിന്റെ ഉദ്ഘാടനത്തിലും കാസര്‍കോട് നല്‍കിയ സ്വീകരണത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനകാര്യത്തില്‍ പിറകില്‍ നില്‍ക്കുന്ന ജില്ലയില്‍നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. എല്ലാ ജില്ലയും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ലോകം അസൂയയോടെ കണ്ടിരുന്ന കേരളത്തിന്റെ പല നേട്ടങ്ങളും തകര്‍ത്തു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് വലിയ പിറകോട്ടടിയുണ്ടായി.
അനേക ലക്ഷം അഭ്യസ്തവിദ്യരുള്ള നാടാണ് കേരളം. ജോലി കിട്ടാത്തതിനാലാണ് ഇവര്‍ മറുനാട്ടില്‍ പോകുന്നത്. ഇവര്‍ക്ക് നാട്ടില്‍ ജോലിചെയ്യാനുള്ള അവസരമുണ്ടാക്കണം. കേരളത്തില്‍ ശരിയായ രീതിയിലുള്ള വികസന പന്ഥാവ് വെട്ടിത്തെളിച്ച് നാടിനെ പുനര്‍നിര്‍മിക്കാനാകണം. ഇതിന് കക്ഷിവ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കണം.
യുഡിഎഫ് ഭരണത്തില്‍ എടുത്തുകാണിക്കാനുള്ള വികസന നേട്ടം എന്തുണ്ട്. കേരളം ഏറ്റവും വലിയ വൈദ്യുതിക്ഷാമം നേരിടുമ്പോള്‍ പദ്ധതികള്‍ പാതിവഴിയിലാണ്. ചീമേനി വൈദ്യുതി പദ്ധതിക്ക് എല്‍എന്‍ജി പൈപ്പ്ലൈന്‍ ഇതുവരെയായിട്ടില്ല. ജനങ്ങളോടും നാടിനോടും പ്രതിബദ്ധതയുണ്ടെങ്കിലേ നാട്ടില്‍ വികസനമുണ്ടാകൂ. യുഡിഎഫ് ഭരണത്തില്‍ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നുമില്ല. ഇതിനൊക്കെ മാറ്റമുണ്ടാകണം. അല്ലെങ്കില്‍ കേരളത്തിന്റെ തകര്‍ച്ച സംഭവിക്കും. ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന ഭരണം വേണം. സുതാര്യതയും വേണം. ജനന സര്‍ട്ടിഫിക്കറ്റിനുപോലും കൈക്കൂലി കൊടുക്കേണ്ടതുണ്ട്. കാലതാമസമില്ലാതെ ജനങ്ങള്‍ക്ക് ആവശ്യങ്ങള്‍ നടക്കണം.
ഇതൊക്കെ സാധിക്കാന്‍ ജനങ്ങളുടെ ഐക്യം വേണം. മതനിരപേക്ഷതയാണ് ഇതിന്‍െ ശക്തി. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പഠിപ്പിച്ച നാടാണിത്. ഇത് തകര്‍ക്കാനാണ് ജാതിമത ശക്തികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സിപിഐ എം മുന്നിലുണ്ട്. മറ്റു മതനിരപേക്ഷ ചിന്താഗതിക്കാരും മുന്നോട്ടുവരണം. മതേതര കൂട്ടായ്മ കേരളത്തില്‍ ശക്തിപ്പെടുകയാണെന്നും പിണറായി പറഞ്ഞു.
