ജയില്‍ ഉദ്യോഗസ്ഥനെതിരെ നടപടി വേണം: സിപിഐ എം
പി.ജയരാജനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോകാന്‍ വൈകിച്ച് അര്‍ധരാത്രി യാത്രതിരിക്കാന്‍ ഇടയാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 20നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് ജയരാജന് അടിയന്തരമായി വിദഗ്ധ ചികിത്സ നല്‍കണമെന്ന് ജയിലധികൃതര്‍ക്ക് ശുപാര്‍ശ നല്‍കിയത്. മൂന്നുദിവസത്തിനുശേഷമാണ് ശ്രീചിത്രയിലേക്ക് അയക്കുന്നത്.
ഇക്കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം സര്‍ക്കാരും സിബിഐയും ജയിലധികൃതരും സ്വീകരിച്ചില്ല. സിബിഐ കള്ളക്കേസില്‍ പ്രതിയാക്കി. കോടതി നിര്‍ദേശിച്ചിട്ടും പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ നിഷേധിച്ചു. ചികിത്സ നല്‍കാനുള്ള ഉത്തരവാദിത്തം ജയിലധികൃതര്‍ക്കാണ്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ കഴിയുന്നതും വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കണം. ദീര്‍ഘദൂര യാത്രക്ക് സാധാരണ പാലിക്കേണ്ട സുരക്ഷയൊന്നും പി ജയരാജന് നല്‍കിയില്ല. റോഡുമാര്‍ഗം ഒഴിവാക്കി ട്രെയിന്‍ മാര്‍ഗം സ്വീകരിക്കാമായിരുന്നു. നാലുവട്ടം ആന്‍ജിയോപ്ളാസ്റ്റിക് വിധേയനായ രോഗിയെ വഹിച്ചുള്ള യാത്ര അര്‍ധരാത്രിയാക്കിയതും അനുചിതമാണ്.
അകമ്പടിക്കുള്ള പൊലീസിനെ രാവിലെ ആവശ്യപ്പെട്ടിട്ടും രാത്രി 8.15നുശേഷം പുറപ്പെട്ടത് ദുരൂഹമാണ്. ജയില്‍ സൂപ്രണ്ടാകട്ടെ കാര്യമായ അസുഖമൊന്നും ജയരാജന് ഇല്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. 1999ല്‍ ആര്‍എസ്എസ്സുകാര്‍ വെട്ടിനുറുക്കിയ ജയരാജനെ വീണ്ടും വീണ്ടും വേട്ടയാടുകയാണ്. ഇതിന് പിന്നില്‍ ആര്‍എസ്എസ്– കോണ്‍ഗ്രസ് ഗൂഢാലോചനയാണ്. രാഷ്ട്രീയ ഗൂഢാലോചനയില്‍ ജയിലുദ്യോഗസ്ഥന്‍ ഏര്‍പ്പെടുന്നത് ആശാസ്യമല്ല. ജയിലുദ്യോഗസ്ഥന്‍ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് ഇതെല്ലാം ചെയ്തതെന്നും പ്രസ്താവനയില്‍ പറഞ്ഞു.